ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം അവസാനിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും പ്രതിസന്ധി എന്തുതന്നെയായാലും യുക്രൈനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില വർദ്ധിച്ചു. യുക്രൈനിനുള്ള പിന്തുണ ദുർബലമാകില്ലെങ്കിലും ഇത് ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. “സൈനികമായി മാത്രമല്ല, എല്ലാ രീതിയിലും ഞങ്ങൾ പിന്തുണയ്ക്കും,” ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. യുക്രേനിയൻ സൈനികർക്ക് അത്യാധുനിക ആയുധങ്ങൾ നൽകുന്നത് ഡോൺബാസ് മേഖലയെ റഷ്യൻ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം അവസാനം മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രൈനിനുള്ള സഹായ പാക്കേജിനു അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റോൾട്ടൻബർഗ് കൂട്ടിച്ചേർത്തു.
യുക്രൈനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് നാറ്റോ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ദീർഘദൂര മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ ഉൾപ്പെടെ യുക്രൈന് യുദ്ധോപകരണങ്ങൾ ലഭ്യമാക്കുന്നത് തുടരാൻ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണെന്ന് നാറ്റോ അറിയിച്ചു. കിഴക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ കഴിഞ്ഞാൽ യുദ്ധം ജയിക്കാൻ കഴിയുമെന്ന് യുക്രൈൻ ശനിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ, ഉക്രെയിനിൻറെ തലസ്ഥാനമായ കീവിനെ റഷ്യ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, യുക്രൈൻ പ്രതിരോധം ശക്തമായതോടെ റഷ്യൻ സൈന്യം പ്രദേശത്ത് നിന്ന് പിൻവാങ്ങി.