ന്യൂഡല്‍ഹി: എട്ടാമത് ആഗോള യോഗദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേതൃത്വം നല്‍കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് പരിപാടി. യോഗാദിനാഘോഷങ്ങൾക്കായി കേന്ദ്രസർക്കാർ പ്രത്യേകം തിരഞ്ഞെടുത്ത 75 സ്ഥലങ്ങളിൽ ഒന്നാണ് ഇത്.
ജൂൺ 21ന് രാവിലെ ആറിന് മന്ത്രി മുരളീധരൻ നടത്തുന്ന പ്രസംഗത്തോടെ പരിപാടികൾക്ക് തുടക്കമാകും. യോഗ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള യോഗ പ്രായോജകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നത് തത്സമയം സംപ്രേഷണം ചെയ്യും. വിവിധ യോഗാഭ്യാസങ്ങൾ എങ്ങനെ നിർവഹിക്കാം എന്നതിനെക്കുറിച്ചുള്ള പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. മൈസൂരുവിൽ നടക്കുന്ന യോഗ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കോവിഡ് -19 മഹാമാരി കാരണം ഓൺലൈനിൽ നടന്നിരുന്ന യോഗ ദിനാഘോഷം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതു ചടങ്ങുകളോടെ ആഘോഷിക്കുകയാണ്.
ആയുഷ് വകുപ്പും വിദേശകാര്യ മന്ത്രാലയവും യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും വിവിധ വിദേശ രാജ്യങ്ങളിലെയും മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ ‘ഗാർഡിയൻ റിംഗ്’ എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ആഗോള നഗരങ്ങളിൽ നിന്ന് തത്സമയ ഡിജിറ്റൽ സ്ട്രീമിംഗുകൾ ഉണ്ടാകും. ജപ്പാനിൽ നിന്നുള്ള സ്ട്രീമിംഗ് ഇന്ത്യൻ സമയം പുലർച്ചെ 3 മണിക്ക് ആരംഭിച്ച് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ സ്ട്രീമിങ്ങോടെ അവസാനിപ്പിക്കും. എഴുപതിലധികം രാജ്യങ്ങളിൽ നടക്കുന്ന പരിപാടികൾ ഇന്ത്യൻ സമയം പുലർച്ചെ 3 മുതൽ രാത്രി 10 വരെ ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യും.