ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി അഗ്നീപഥ് റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യൻ നാവികസേന പ്രഖ്യാപിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം വനിതകളെ യുദ്ധക്കപ്പലുകളിൽ ഉൾപ്പെടുത്തുമെന്ന് വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറഞ്ഞു.
അഗ്നിപഥ് പദ്ധതി മൂന്ന് സേവനങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയിലൂടെ എത്ര വനിതാ നാവികർക്ക് അവസരം നൽകാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ത്രിപാഠി പറഞ്ഞു.
അഗ്നിപഥിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ചിരിക്കുകയാണ്. “ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, പക്ഷേ ഈ തീരുമാനങ്ങൾ വളരെക്കാലത്തിന് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കാൻ സഹായിക്കും,” പ്രധാനമന്ത്രി ബെംഗളൂരുവിൽ ഒരു പൊതുപരിപാടിയിൽ പറഞ്ഞു.