ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കരസേന ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റിക്രൂട്ട്മെന്റ് റാലിയുടെ രജിസ്ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്ന് കരസേന വിജ്ഞാപനത്തിൽ അറിയിച്ചു. മെഡിക്കൽ ബ്രാഞ്ചിലെ ടെക്നിക്കൽ കേഡർ ഒഴികെ ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഒരേയൊരു പ്രവേശന കവാടം അഗ്നീപഥ് മാത്രമാണ്. അഗ്നിവീരൻമാർക്ക് പ്രത്യേക റാങ്ക് ഉണ്ടായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ആദ്യ വർഷം 45,000 അഗ്നിവീരൻമാരെ മൂന്ന് സർവീസുകൾക്കായി റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. പ്രതിഷേധം ശക്തമാണെങ്കിലും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗ്നിവീരൻമാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. അഗ്നിവീരന്മാർക്ക് സൈനികർക്ക് നിലവിലുള്ള റിസ്ക് ആനുകൂല്യങ്ങൾ ഉൾപ്പെടെയുളളവ നൽകും. സേവന വ്യവസ്ഥകളിൽ വിവേചനം ഉണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ളതിനേക്കാൾ മികച്ചതാണ് വേതന സമ്പ്രദായമെന്നും സർക്കാർ അവകാശപ്പെടുന്നു. നാല് വർഷം സർവീസ് പൂർത്തിയാക്കുന്ന അഗ്നിവീരന്മാർക്ക് പോലീസ് സേനയിൽ നിയമനം നൽകുമെന്ന് ചില സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. മിലിട്ടറി അഫയേഴ്സ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തിന്റെ ശരാശരി പ്രായം കുറയ്ക്കണമെന്ന് കാർഗിൽ റിവ്യൂ കമ്മിറ്റിയും ആവശ്യപ്പെട്ടതായി ലഫ്റ്റനന്റ് ജനറൽ പുരി പറഞ്ഞു.