പാരിസ്: ഫ്രാൻസിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് രണ്ടാം തവണയും പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് മാക്രോണിന് ഫ്രഞ്ച് നാഷണൽ അസംബ്ലിയുടെ നിയന്ത്രണം നഷ്ടമായി. 577 അംഗ ഫ്രഞ്ച് അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് വേണ്ടത്. ഴാങ് ലക് മെലൻകോണിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇടത് ക്യാമ്പ് വിജയം നേടി. മെലൻകോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 140 നും 200 നും ഇടയിൽ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 260 സീറ്റായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അധികാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. ഇമ്മാനുവൽ മാക്രോണിനെതിരെ വിശാല സഖ്യത്തിൽ ഇടതുപാർട്ടികൾ ചേർന്നതോടെയാണ് മാക്രോണിന് ഭൂരിപക്ഷം നഷ്ടമായത്. സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, മെലൻകോണിന്റെ തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബൗണ്ട് പാർട്ടി എന്നിവക്കൊപ്പം കമ്യുണിസ്റ്റ് പാർട്ടിയും യോജിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മെലങ്കൺ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്രസിഡന്റ് മാക്രോണിന്റെ സെൻറിസ്റ്റ് പാർട്ടി മിതവാദികളായ പാർട്ടികളുമായി എൻസെംബിൾ എന്ന സഖ്യം രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.