ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, വ്യവസായി ആനന്ദ് മഹീന്ദ്ര അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണെന്ന് ആനന്ദ് ഉറപ്പ് നൽകി. അഗ്നിപഥ് പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ ദു:ഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
“അഗ്നിപഥ് പ്രതിഷേധത്തിലെ അക്രമങ്ങളിൽ ദു:ഖിക്കുന്നു. കഴിഞ്ഞ വർഷം പദ്ധതിക്ക് രൂപം നൽകിയപ്പോൾ , അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ പ്രാപ്യരാക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവർത്തിക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ പരിശീലനം ലഭിച്ച പ്രതിഭാധനരായ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു”. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
മഹീന്ദ്ര അഗ്നിവീറുകളെ ഏതൊക്കെ സ്ഥാനങ്ങളിൽ നിയമിക്കും എന്ന ചോദ്യത്തിന് ആനന്ദ് പറഞ്ഞു “അഗ്നിവീറുകൾക്ക് കോർപ്പറേറ്റ് മേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ട്. നേതൃത്വം, ടീം വർക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനുയോജ്യമായ പ്രൊഫഷണൽ പരിഹാരങ്ങൾ അഗ്നിവീറുകൾ നൽകുന്നു. ഓപ്പറേഷൻസ്, അഡ്മിനിസ്ട്രേഷൻ, ചെയിൻ മാനേജ്മെന്റ് സപ്ലൈ തുടങ്ങിയ കാര്യങ്ങളിലും അവരെ ഉപയോഗിക്കാം.”