കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാൻ, മെയ് ആറിന് ചേർന്ന നഗരസഭ യോഗം തീരുമാനിച്ചു.
നിർമ്മാണത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനാൽ ഈ വർഷം അനുവദിച്ച തുക ചെലവഴിക്കാൻ കഴിയില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നഗരസഭാ സെക്രട്ടറി കളക്ടർക്കും ജില്ലാ പ്ലാനിംഗ് ഓഫീസർക്കും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, സി.പി.എം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
അത്യാഹിത വിഭാഗമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും കിടപ്പുരോഗ ചികിത്സയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതിനിടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം പണിയാൻ അനുവദിച്ച തുക നഗരസഭ നിരസിച്ചത്.