തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസിനു നേരെ കല്ലേറുണ്ടായി, ഇതേതുടർന്ന് പോലീസ് തുടർച്ചയായി കണ്ണീർ വാതകവും ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നോർത്ത് ഗേറ്റിനോട് ചേർന്നുള്ള വശത്തുകൂടി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞുപോകാതിരുന്നതോടെ ഗ്രനേഡുകൾ പ്രയോഗിച്ചു.
അതേസമയം, സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പിരിഞ്ഞുപോയ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കണ്ണീർ വാതകം പ്രയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.