കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഗൺമാൻ എസ്. അനിൽ കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ.പി ജയരാജനെ വിമാനത്തിലെ യാത്രക്കാരനെന്ന നിലയിൽ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് അറിയിച്ചതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയ ശേഷമായിരിക്കും മൊഴിയെടുക്കുക. വിമാനത്തിലുണ്ടായിരുന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് താൻ വിമാനത്തിൽ ഉള്ളപോൾ ആണെന്നും, വധിക്കാൻ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി മൊഴി നൽകുമോ എന്നത് നിർണായകമാകും.
വധശ്രമമാണെന്ന് മുഖ്യമന്ത്രിയും ഇ.പി ജയരാജനും മൊഴി നല്കുന്നതോടെ കേസ് ശക്തമാക്കുമെന്നാണ് പൊലീസ് പറയുന്നത്. കേസിന് അനുകൂലമായി പത്തിലധികം സാക്ഷിമൊഴികളും ലഭിച്ചതായും ആരോപണമുണ്ട്. എന്നാൽ വിമാനത്തിലെ എല്ലാ യാത്രക്കാരെയും കണ്ടില്ലെന്നും അനുകൂല മൊഴി ലഭിച്ചവരെ മാത്രം പരിശോധിച്ച് സാക്ഷികളാക്കിയെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് 48 യാത്രക്കാരുള്ളതില് പത്തോളം പേരെ മാത്രം സാക്ഷിയാക്കിയതെന്നാണ് ആക്ഷേപം.