കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി പറഞ്ഞു. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്കു തുടക്കമിട്ടത്.
അതേസമയം, പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുകയാണെന്ന് പറയുന്ന സർക്കാർ, പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു. അവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിൽവർ ലൈൻ വിരുദ്ധ സമിതി വേറിട്ട പ്രതിഷേധത്തിന് തയ്യാറായത്. പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. വരും ദിവസങ്ങളിൽ കൂടുതൽ പേരെ സമരത്തിൽ അണിനിരത്തും. നിലവിൽ ഹൈക്കോടതിയിൽ നിയമപോരാട്ടം നടക്കുകയാണ്. കോടതി ഉത്തരവ് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.
അതിനിടയിൽ, തത്വത്തിൽ അംഗീകാരം നേടിയതിന്റെ പേരിൽ നടത്തിയ വെല്ലുവിളികളും ബലപ്രയോഗങ്ങളും ആണ് ഇതുവരെ കണ്ടതെങ്കിൽ ഡി.പി.ആറിന് അനുമതിയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നതാണ് ഇപ്പോൾ സർക്കാരിന് മുന്നിലുള്ള രാഷ്ട്രീയ സാഹചര്യം. അനുമതി ലഭിക്കാതെ മുന്നോട്ടില്ലെന്നു സമ്മതിക്കേണ്ടിയും വന്നിരിക്കുന്നു.