തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ. ഇക്കാര്യം ആവശ്യപ്പെട്ട് സരിത എസ് നായർ കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയാൻ തനിക്ക് അവകാശമുണ്ടെന്നും സരിത എസ് നായർ പറഞ്ഞു.
സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. നേരത്തെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളി.
ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് കൃഷ്ണ രാജ് കോടതിയിൽ രംഗത്തെത്തി. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴി എന്നും കൃഷ്ണ രാജ് ചോദിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കൊണ്ട് എന്താണ് ആവശ്യമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചിരുന്നു.