ശ്രീനഗർ: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ‘അഗ്നിപഥ്’ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെൻറ് പ്രക്രിയ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തിയതായിരുന്നു അദ്ദേഹം.
“യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം 2022 ലെ റിക്രൂട്ട്മെൻറ് പ്രോഗ്രാമിൽ ‘അഗ്നിവീരൻമാരെ’ നിയമിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23 വയസ്സായി ഉയർത്തി. പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത് നമ്മുടെ യുവാക്കളുടെ മേൽ സർക്കാരിന് കരുതൽ ഉണ്ടെന്നാണ്.
സൈനിക കാര്യ വകുപ്പും പ്രതിരോധ മന്ത്രാലയവും റിക്രൂട്ട് മെൻറ് നടപടികൾ വേഗത്തിലാക്കാൻ പ്രതിജ്ഞാബദ്ധരാണ്”, രാജ്നാഥ് സിംഗ് പറഞ്ഞു. സായുധ സേനയിൽ ചേരാനും അഗ്നിപഥിലൂടെ രാഷ്ട്രത്തെ സേവിക്കാനും അദ്ദേഹം യുവാക്കളെ ക്ഷണിച്ചു.