കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചത് കുറ്റസമ്മതമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
“കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും സ്വാതന്ത്ര്യം നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസിൽ കൃത്യമായ അന്വേഷണമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും പൊലീസ് അനങ്ങുന്നില്ല. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.” എന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ കൃത്യമായ അന്വേഷണം നടക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ എന്തിനാണ് അക്രമം അഴിച്ചുവിടുന്നത്? സോണിയാ ഗാന്ധിയെ മാറ്റി നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തെറ്റ് ചെയ്തതിനാൽ ചോദ്യം ചെയ്യലിനെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
“കോൺഗ്രസ്-ജിഹാദി സഖ്യമാണ് അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കലാപം സൃഷ്ടിക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യൽ വഴിതെറ്റിക്കാൻ അഗ്നീപഥ് വിഷയത്തിൽ അസ്ഥിരത സൃഷ്ടിക്കുകയാണ്. തൊഴിൽ രഹിതരായ യുവാക്കൾക്ക് ആശ്വാസമാണ് ഈ പദ്ധതി. സായുധ സേനയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇന്ത്യ ശിഥിലമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് അക്രമത്തിന് പിന്നിൽ” കുമ്മനം പറഞ്ഞു.