ഹൈദരാബാദ്: വിവാദ പ്രസ്താവന നടത്തിയ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുളള ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന നടിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കേസ്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നടിയുടെ പുതിയ ചിത്രമായ ‘വിരാട പർവ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ അവതാരകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സായി പല്ലവി. “രാഷ്ട്രീയമായി ഏതെങ്കിലും പ്രസ്ഥാനത്തോട് ചാഞ്ഞു നിൽക്കുന്ന ഒരു കുടുംബത്തിലല്ല ഞാൻ വളർന്നത്. ഇടതുപക്ഷം, വലതുപക്ഷം എന്നു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇവയിൽ ഏതാണ് ശരിയെന്നോ ഏതാണ് തെറ്റെന്നോ എനിക്ക് പറയാൻ കഴിയില്ല. കശ്മീർ ഫയലുകൾ ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല കാണിക്കുന്നു. അടുത്തിടെ പശുവിനെ കൊണ്ടുപോയെന്നാരോപിച്ച് ഒരു മുസ്ലീമിനെ കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഇവർ ജയ് ശ്രീറാം വിളിച്ചു. കശ്മീരിൽ സംഭവിച്ചതും അടുത്തിടെ സംഭവിച്ചതും തമ്മിൽ എന്താണ് വ്യത്യാസം” അവർ ചോദിച്ചു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ‘ബോയ്കോട്ട് സായി പല്ലവി’ എന്ന ഹാഷ്ടാഗിന്റെ പേരിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് നടിക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിരാടപർവത്തിൽ നക്സൽ കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പോലീസുകാരനുമായി പ്രണയത്തിലാകുന്ന ഒരു നക്സലിന്റെ കഥയാണ് ചിത്രം പറയുന്നത്. വേണു ഉദുഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.