കൊല്ലം: ചികിത്സ തേടുന്ന കുട്ടികളോട് സൗഹാർദ്ദപരവും അനുകമ്പയുള്ളതുമായ രീതിയിൽ പെരുമാറാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശിശുസൗഹൃദമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
കമ്മീഷൻ അംഗം റെനി ആന്റണിയാണ് നിർദേശം നൽകിയത്. പാമ്പുകടിയേറ്റതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച 11 വയസുകാരന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന മാധ്യമ വാർത്തയെ തുടർന്ന് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് കമ്മീഷൻ നിർദേശം നൽകിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 24നു ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ അഞ്ചര മണിക്കൂറിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഡയാലിസിസ് നടത്തിയാണ് രക്ഷപ്പെടുത്തിയതെന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.