തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെ വിമർശിച്ച് വ്യവസായി എം എ യൂസഫലി. സ്വന്തം ചെലവിലാണ് പ്രവാസികൾ പരിപാടിയ്ക്ക് എത്തിയത്. താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? നേതാക്കൾ വിദേശത്ത് വരുമ്പോൾ, പ്രവാസികൾ താമസവും ഗതാഗതവും നൽകുന്നില്ലേ? പ്രവാസികൾ ഇവിടെ വരുമ്പോൾ അവർക്ക് ഭക്ഷണം നൽകുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരളസഭയുടെ രണ്ടാം ദിനമായ ഇന്ന് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂസഫലിയുടെ പ്രസംഗത്തിൽ നിന്ന്:
ലോകത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമോ കോവിഡോ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷമോ ആകട്ടെ, പ്രവാസികൾ തന്നെയാണ് ബുദ്ധിമുട്ടുകൾ നേരിടുന്നത്. എല്ലാ പ്രശ്നങ്ങളുടെയും അനന്തരഫലങ്ങൾ അനുഭവിക്കേണ്ടത് നമ്മളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന് നിക്ഷേപിക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.