ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ഈ തീരുമാനം.
ഈ മാസം 18 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് 100 വയസ്സ് തികയുകയാണ്. ഗാന്ധിനഗർ ഈ ദിവസത്തെ ആഘോഷമാക്കുകയാണ്. ‘പൂജ്യ ഹീരാബെ മാര്‍ഗ്’ എന്നാണ് റോഡിന് പേര് നല്‍കുക.
അമ്മയുടെ പേര് എന്നെന്നേക്കുമായി നിലനിർത്താനും സേവനത്തിൻറെ പാഠങ്ങൾ വരുംതലമുറയ്ക്ക് കൈമാറാനുമാണ് റോഡിന്
അമ്മയുടെ പേർ നൽകാനുള്ള തീരുമാനമെടുത്തത്. ഗാന്ധിനഗർ മേയർ ഹിതേഷ് മക്വാന ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന് 100 വയസ്സ് തികയുന്നു, ജനങ്ങളുടെ ആവശ്യവും വികാരവും കണക്കിലെടുത്താണ് അന്നേ ദിവസം 80 മീറ്റർ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിടാൻ തീരുമാനിച്ചിരിക്കുകയാണ്. “പൂജ്യ ഹീരാബെ മാർഗ്” എന്നാണ് പേര്.”