ധർമ്മശാല: ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകളെ കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ കല്യാണി സിംഗ് ആണ് അറസ്റ്റിലായത്. ആറ് വർഷം മുമ്പ് ചണ്ഡീഗഡിൽ അഭിഭാഷകനും ഷൂട്ടറുമായ സുഖ്മാൻപ്രീത് സിംഗിനെ (സിപ്പി സിദ്ദു) കൊലപ്പെടുത്തിയ കേസിലാണ് കല്യാണിയെ സിബിഐ അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ മൊഹാലിയിൽ എൽഎൽബി എന്ന പേരിൽ സിപ്പി സിദ്ദു സ്വന്തമായി നിയമ സ്ഥാപനം ആരംഭിച്ചിരുന്നു. 2015 സെപ്റ്റംബർ 20ന് രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് അദ്ദേഹം മരിച്ചത്. സ്ഥാപനം തുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. സിദ്ദുവിന്റെ കൊലപാതകത്തിൽ കല്യാണി സിംഗിന് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ ഈയിടെ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ലോക്കൽ പൊലീസ് കല്യാണിയെ ചോദ്യം ചെയ്തു. ചണ്ഡിഗഡ് ഭരണകൂടത്തിൻറെ ആവശ്യപ്രകാരം 2016 ഏപ്രിൽ 13നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
2016 സെപ്റ്റംബറിൽ, കൊലപാതകത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചനകൾ നൽകുന്നവർക്ക് ഏജൻസി 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ തുക 2021 ഡിസംബറിൽ 10 ലക്ഷമായി ഉയർത്തി. നേരത്തെ 2020 ഡിസംബറിൽ യാതൊരു തെളിവുമില്ലാതെ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംശയാസ്പദമായ സ്ത്രീയെക്കുറിച്ച് സംശയം ഉന്നയിച്ച് അന്വേഷണം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കല്യാണിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പക്ഷേ, അവർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് സംശയം തോന്നിയ സി.ബി.ഐ കല്യാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.