സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്. സ്വപ്ന സുരേഷിന്റെ അസംബന്ധങ്ങൾ കേരള സമൂഹം വിശ്വസിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ പുനർവിചിന്തനം നടത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. 99 സീറ്റുമായി അധികാരത്തിലെത്തിയ സർക്കാർ വികസന പ്രവർത്തനങ്ങളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്. അരാജകത്വം സൃഷ്ടിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെന്ന് പി രാജീവ് ആരോപിച്ചു.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടന്നുവെന്നും അതിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ആരോപണം.
സ്വർണക്കടത്ത് ഉൾപ്പെടെ യു.എ.ഇ കോൺസുലേറ്റിൽ നടത്തിയ ഹീനവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്ക് പ്രത്യേക പങ്കുണ്ടെന്നും ഹർജിയിൽ പറയുന്നു. കോടതിയിൽ നൽകിയ 164 മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്.