Spread the love

അബുദാബി: സൂചിയും രക്തവും കണ്ടാൽ പേടിക്കുമായിരുന്ന മലയാളി യുവാവ് കഴിഞ്ഞ അഞ്ച് വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്നു. തിരുവല്ല സ്വദേശിയും അബുദാബിയിലെ ഷഹാമ, ഷംക, അൽസൈന ബുർജീൽ മെഡിക്കൽ സെന്ററുകളിലെ സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായ റോയ് രാജനാണ് രക്തദാനം ജീവിതചര്യയാക്കിയത്.

രക്തദാനം ഒരു ജീവൻ രക്ഷിക്കുമെന്നും, മറ്റാരും സഹായിക്കാനില്ലെന്നുമുള്ള ഒരു സുഹൃത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് 2017 ലാണ് താൻ ആദ്യമായി രക്തം ദാനം ചെയ്തതെന്ന് റോയ് പറയുന്നു. ഓ നെഗറ്റീവ് രക്തഗ്രൂപ്പായതിനാൽ ആവശ്യക്കാർ ഒരുപാട് ഉണ്ട്. എന്നാലും ആരുടെയും വിളിക്ക് കാത്തുനിൽക്കാതെ അദ്ദേഹം മൂന്ന് മാസത്തിലൊരിക്കൽ ബ്ലഡ് ബാങ്കിൽ പോയി രക്തം ദാനം ചെയ്യുന്നു.

സൂചിയും രക്തവും കാണുമ്പോഴുളള ഭയം കാരണം വൈദ്യപരിശോധന പോലും ഒഴിവാക്കുന്ന റോയ് രാജൻ രക്തം ദാനം ചെയ്യുന്നത് മുടക്കാറില്ല. 10 മാസം മുമ്പ് തന്റെ അമ്മയുടെ പെട്ടെന്നുള്ള വിയോഗം, ജീവൻ രക്ഷിക്കുന്നതിൽ സമയോചിതമായ ഇടപെടലിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തൽ ആയിരുന്നെന്ന് ഇയാൾ പറയുന്നു. ജനസംഖ്യയുടെ 7% ൽ മാത്രം കാണപ്പെടുന്ന അപൂർവ രക്തഗ്രൂപ്പാണ് ഒ-നെഗറ്റീവ്. എല്ലാ രക്തഗ്രൂപ്പുകളിലെയും രോഗികൾക്ക് നൽകാൻ കഴിയുന്നതിനാൽ എല്ലായ്പ്പോഴും ഒ-ഗ്രൂപ്പിന് ആവശ്യക്കാർ ഏറെയാണ്.

By newsten