പട്‌ന: ബീഹാറിലെ മൃഗഡോക്ടറായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബെഗുസരായിൽ മൃഗഡോക്ടറായി ജോലി ചെയ്യുന്ന യുവാവിനെ, മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത്. ഡോക്ടറുടെ പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ, അസുഖബാധിതനായ വളർത്തുമൃഗത്തെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേർ സ്ഥലത്തെത്തി. എന്നാൽ മൂന്നംഗ സംഘം ഡോക്ടറെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് മൃഗഡോക്ടറെ ഒരു യുവതിയുമായി വിവാഹം കഴിപ്പിച്ചു.
സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.