തലശ്ശേരി: തലശേരി മൂഴിക്കര കോപ്പാലത്തിന് സമീപം കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. വീടിന്റെ ജനൽച്ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആരാണ് ഇത് എറിഞ്ഞത്,
എന്താണ് ഇതിന് പിന്നിലെ പ്രകോപനം എന്നിവ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അക്രമം പടർത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വായ തുറന്നാൽ നുണ പറയുന്നതാണ് സി.പി.എം നേതൃത്വമെന്ന് അദ്ദേഹം വിമർശിച്ചു. ഓഫീസുകൾ തകർക്കാനും ബോംബ് എറിയാനും കോൺഗ്രസിന് അറിയാം. ഈ രീതിയിൽ സർക്കാർ ഭരിച്ചാൽ സർക്കാരിന്റെ പതനം ഉടനടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. അക്രമത്തിന്റെ അവസാനം സി.പി.എമ്മിന് തലകുനിക്കേണ്ടി വരും. എൽ.ഡി.എഫ് ആക്രമണങ്ങൾക്ക് ജനങ്ങൾ തക്കതായ മറുപടി നൽകും.
ഇതിനിടെ കോഴിക്കോട് തിക്കോടി ടൗണിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ‘ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി വെട്ടുമെന്ന മുദ്രാവാക്യവും പ്രവർത്തകർ മുഴക്കി.