Spread the love

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വാദം ഇന്നും തുടരും. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നവീൻ കുമാർ, ഫർസിൻ മജീദ് എന്നിവരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി സുനിത് നാരായണനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇ.പി ജയരാജൻ തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ കൊല്ലുമായിരുന്നുവെന്നും പ്രതികളെ വിട്ടയച്ചാൽ അത് തെറ്റായ സന്ദേശം നൽകുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.

എന്നാൽ, കയ്യിൽ സൂചി പോലുമില്ലാതെ എങ്ങനെയാണ് വധശ്രമം നടത്താൻ കഴിയുകയെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഇ.പി ജയരാജൻറെ ഭാഗത്തുനിന്നാണ് വധശ്രമം നടന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു.

By newsten