ന്യുഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചവരുടെ മക്കൾക്കും, സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ച സ്ത്രീപുരുഷൻമാരെ, ഭാര്യാഭർത്താക്കൻമാരായി കണക്കാക്കാമെന്നും, പാരമ്പര്യ സ്വത്തവകാശത്തിനുള്ള മക്കളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കോഴിക്കോട് സ്വദേശി കെ ഇ കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ എസ് അബ്ദുൾ നാസർ, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കരുണാകരൻ നാല് മക്കളുണ്ട്. കരുണാകരന് ചിരുതക്കുട്ടിയിൽ ജനിച്ച മകനാണ് ദാമോദരൻ. പിതാവിന്റെ സ്വത്തവകാശം സംബന്ധിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വത്ത് ദാമോദരന് നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്.