തിരുവനന്തപുരം: പ്രതിപക്ഷ നേതാവിൻറെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കടന്നു. ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെയാണ് വൻ സുരക്ഷാവീഴ്ചയുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ ആയുധങ്ങളുമായി കൊല്ലുമെന്ന് പറഞ്ഞാണ് കടന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. അതിക്രമിച്ചു കടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡിവൈഎഫ്ഐ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാർച്ചിനിടെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കൊടികളും ബാനറുകളും അടിച്ചുതകർത്തു. ഇതിനിടെ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ചുകയറി. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത്, മറ്റ് രണ്ട് പ്രവർത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് അതിക്രമിച്ചുകയറിയത്. രണ്ട് പേരെ ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങളാണ് അദ്ദേഹത്തിന്റെ വസതിക്ക് സമീപം തടഞ്ഞത്. ഇവരെ പിന്നീട് പൊലീസിന് കൈമാറി.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ കന്റോണ്‍മെന്റ് ഹൗസിൽ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു.