ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയങ്ങളും വകുപ്പുകളും ഇത് ഒരു ദൗത്യമായി പരിഗണിച്ച് നിയമനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിർദ്ദേശം നൽകിയിട്ടുണ്ട്.
എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ തീരുമാനം. 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ മോദി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വലിയ വിഷയമായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ഈ ഇടപെടൽ. സർക്കാർ വകുപ്പുകളിൽ ഇതിനകം തന്നെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വിവിധ മേഖലകളിലായി 60 ലക്ഷം തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ബിജെപി എംപി വരുൺ ഗാന്ധിയും ആരോപിച്ചിരുന്നു. ഏപ്രിലിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.83 ശതമാനമായിരുന്നു. സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിൽ ഇത് 7.6 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.22 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ 7.18 ശതമാനം. മാർച്ചിൽ ഇത് യഥാക്രമം 8.28 ശതമാനവും 7.29 ശതമാനവുമായിരുന്നു.