ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ഇന്നും പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. എഐസിസി ഓഫീസിൽ നിന്ന് ഇഡി ഓഫീസിലേക്ക് നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും. ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രവർത്തകരുടെ (കോൺഗ്രസ്) നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് സംഘടിപ്പിക്കും.
ഇന്നലത്തെ പോലെ തന്നെ ഇഡിക്കെതിരെ ഇന്നും പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതി അംഗങ്ങളും എംപിമാരും ഒൻപത് മണിയോടെ എഐസിസി ഓഫീസിൽ ഒത്തുചേർന്നു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുവരെ നേതാക്കൾ പുറത്ത് പ്രതിഷേധം തുടരും. സോണിയാ ഗാന്ധി ഹാജരാകുന്ന ജൂൺ 23നു എല്ലാ കോൺഗ്രസ് പ്രവർത്തകരും തെരുവിലിറങ്ങും.
ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ 11 മണിക്കൂറിന് ശേഷമാണ് തുഗ്ലക്ക് ലൈൻ പൊലീസ് വിട്ടയച്ചത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നതിനിടെ നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.