കൊല്‍ക്കത്ത: സംസ്ഥാന സർക്കാർ നടത്തുന്ന 17 സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബിൽ പശ്ചിമബംഗാൾ നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ഗവർണറിൽ നിന്ന് മുഖ്യമന്ത്രിക്ക് ചുമതല കൈമാറാനുള്ള ബിൽ നിയമസഭ പാസാക്കിയത്. സഭയിലെ 182 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 40 ഓളം പ്രതിപക്ഷ എംഎൽഎമാരാണ് ബില്ലിനെ എതിർത്തത്. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ ബിജെപിക്ക് 70 അംഗങ്ങളും തൃണമൂൽ കോൺഗ്രസിൻ 217 അംഗങ്ങളുമാണുള്ളത്.
അച്ചടക്ക ലംഘനത്തിൻറെ പേരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും ആറ് ബിജെപി എംഎൽഎമാരെയും സഭാ നടപടികളിൽ നിന്ന് വിലക്കിയിട്ടുണ്ട്. പുതിയ ബില്ലിനെതിരെയും തങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെയും അവർ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് സർക്കാർ ബിൽ പാസാക്കിയാലും, കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും തുല്യ അധികാരമുള്ള വിദ്യാഭ്യാസ പ്രശ്നമായതിനാൽ അതിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് സുവേന്ദു പറഞ്ഞു.
ബില്ലോ ഓർഡിനൻസോ പാസാക്കാൻ ഗവർണറുടെ അനുമതി ആവശ്യമുള്ളതിനാൽ ഗവർണറുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിൽ ബിൽ പാസാക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമം തമിഴ്നാടും ഗുജറാത്തും നേരത്തെ പാസാക്കിയിരുന്നു. എന്നിരുന്നാലും, ഈ സംസ്ഥാനങ്ങളിൽ, ഗവർണർ തന്നെ ചാൻസലറായി തുടരുന്നു.