ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇഡി ഓഫീസിലെത്തി. രാവിലെ 11 മണിയോടെ രാഹുലും പ്രിയങ്കയും എഐസിസി ആസ്ഥാനത്ത് നിന്ന് ഒരുമിച്ച് പുറത്തിറങ്ങി. എഐസിസി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഡൽഹി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസിലെത്തി. എന്നാൽ കോൺഗ്രസ് പ്രവർത്തകരെ ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എഐസിസി ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കെ.സി വേണുഗോപാൽ, പി.ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇഡി ഓഫീസിന് മുന്നിൽ എത്തി. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് അവരെ തടഞ്ഞു. പൊലീസും നേതാക്കളും തമ്മിൽ വലിയ തോതിലുള്ള വാക്കേറ്റമുണ്ടായി. രാഹുൽ ഗാന്ധി കൂടുതൽ സമയം ഇഡി ഓഫീസിൽ തങ്ങുന്ന മുറയ്ക്ക് പ്രവർത്തകർ പുറത്ത് പ്രതിഷേധിക്കും.
പ്രതിഷേധ റാലിയുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഏത് പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറാണെന്നും കെ.സി പറഞ്ഞു. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പൊലീസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.