പഞ്ചാബ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയാളി സന്തോഷ് ജാദവിനെ അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ ആദ്യ അറസ്റ്റാണിത്. കൊലപാതകത്തിന് പിന്നിലെ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്നയാളെ മഹാരാഷ്ട്ര പൊലീസും ഡൽഹി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
മൂസെവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പഞ്ചാബ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രമുഖ വ്യക്തികളുടെ സുരക്ഷ വെട്ടിക്കുറച്ചതിന് ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കടുത്ത വിമർശനവും നേരിടേണ്ടി വന്നിരുന്നു. മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.
ഗായകനും കോണ്ഗ്രസ് നേതാവുമായ മൂസ്വാലയുടെ കൊലപാതകം തിഹാർ ജയിലിലെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയി ആസൂത്രണം ചെയ്തതാണെന്ന് ഡൽഹി പോലീസ് പറയുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്ഗ്രസ് ആവശ്യപ്പെടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ മൂസെവാലയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.