Spread the love

ഹൈദരാബാദ്: തെലുങ്ക് നടൻ പവൻ കല്യാണ്‍ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു. രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജനസേന നേതാവായ പവന്‍ കല്യാണിന്റെ തീരുമാനം.. ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് പവൻ കല്യാണ്‍ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രവര്‍ത്തകരെ ഒരുക്കാൻ താൻ സിനിമകളിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 5 മുതൽ സംസ്ഥാന പര്യടനം നടത്താൻ ആണ് പദ്ധതി. വിജയദശമി ദിനത്തിൽ തിരുപ്പതിയിൽ നിന്നാണ് യാത്ര ആരംഭിക്കുക.

ആന്ധ്രാപ്രദേശിലെ സർക്കാരിനെ തീരുമാനിക്കാനുള്ള സ്വാധീനം ജനസേന പാർട്ടിക്കില്ല. എന്നാൽ ബിജെപിയുമായി സഹകരിക്കാനാണ് പവൻ കല്യാണിന്റെ തീരുമാനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന പവൻ കല്യാണിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആന്ധ്രാപ്രദേശിൽ ബി.ജെ.പിക്ക് വലിയ സ്വാധീനമില്ല. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടിയും ടിഡിപിയും തമ്മിലാണ് പോരാട്ടം. ടിഡിപി ബിജെപിയുമായി സഹകരിച്ചാൽ അത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ഒരുകാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. ചന്ദ്രശേഖർ റെഡ്ഡിയുടെ മരണത്തോടെ കോൺഗ്രസിന്റെ പതനമായി. അദ്ദേഹത്തിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡി ഇതുവരെ കോൺഗ്രസുമായി കൈകോർത്തിട്ടില്ല. അദ്ദേഹം ഒരു പുതിയ പാർട്ടി രൂപീകരിക്കുകയും ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ സംസ്ഥാനത്ത് അധികാരം പിടിക്കുകയും ചെയ്തു. ജഗനെ കൂടെ നിർത്താൻ ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. പകരം, ജഗന്റെ പാർട്ടി നിരവധി തവണ പാർലമെന്റിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

By newsten