ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും. നാളെ രാഹുൽ ഗാന്ധി ഹാജരാകുന്ന സമയത്ത് വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. ഇതേ കേസിൽ ജൂൺ 23നാണ് സോണിയാ ഗാന്ധിയെ ഹാജരാകാൻ വിളിച്ചിരിക്കുന്നത് . നാഷണൽ ഹെറാൾഡ് കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് കോൺഗ്രസ് നിലപാട്. രണ്ടാം തവണയും സമൻസ് ലഭിച്ച് രാഹുൽ ഗാന്ധി നാളെ ഹാജരാകുമ്പോൾ ഇത് യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. നിയമപരമായി കേസ് അധികകാലം മുന്നോട്ട് പോകില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്. മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിലും അന്വേഷണം വൈകിയത് തങ്ങളുടെ രക്ഷയ്ക്കെത്തുമെന്നാണ് വിലയിരുത്തൽ. അതിനാൽ വിഷയത്തെ നേരിട്ട് നേട്ടം കൊയ്യുകയാണ് കോൺഗ്രസ് ലക്ഷ്യം. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ കേന്ദ്ര സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. നാഷണൽ ഹെറാൾഡ് കേസ് താഴേത്തട്ടിലുള്ള പ്രവർത്തകരെ ഉണർത്താനുള്ള മൃതസഞ്ജീവനിയായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇത് രാഹുൽ ഗാന്ധിക്ക് പാർട്ടി അധ്യക്ഷനാകാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്.