തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം കത്തി നിൽക്കെ ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. വിവാദങ്ങളെ നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പതിവിലും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
സ്വപ്നയുടെ ശബ്ദരേഖയ്ക്ക് പിന്നിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സർക്കാർ തീരുമാനം. ശബ്ദരേഖ സർക്കാരിനെതിരായ ഗൂഡാലോചനയുടെ തെളിവാണെന്ന് ആരോപിച്ച് ഷാജ് കിരൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സ്വപ്നയുടെ അഭിഭാഷകനെതിരെ മതനിന്ദയ്ക്ക് പൊലീസ് കേസെടുത്തു. അതേസമയം, ഗൂഢാലോചനക്കേസിൽ പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തിയതായി സോളാർ കേസ് പ്രതി സരിതാ നായർ അവകാശപ്പെട്ടെങ്കിലും പൊലീസ് അത് നിഷേധിച്ചു.