Spread the love

ചെല്ലാനം : ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമുള്ള തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനത്തെ തീരശോഷണവും കടൽക്ഷോഭവും പരിഹരിക്കുന്നതിനുള്ള ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് ടെട്രാ പോഡുകൾ ഉപയോഗിച്ച് തീരദേശ സംരക്ഷണം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴി ചെല്ലാനത്ത് 344 കോടി രൂപയുടെ സംരക്ഷണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിന്റെ തീരദേശ സംരക്ഷണത്തിനായി 5,300 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി, ഉയർന്ന സമുദ്രനിരപ്പുള്ള സംസ്ഥാനത്തെ 10 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അടിയന്തര പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തും. എല്ലാ മഴക്കാലത്തും കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശമാണ് ചെല്ലാനം. അതിനാൽ ആദ്യ ഘട്ടം ഇവിടെയാണ് നടപ്പാക്കുന്നത്. ചെല്ലാനം പഞ്ചായത്തിലെ 10 കിലോമീറ്റർ ദൈർഘ്യമുള്ള കടൽഭിത്തിയുടെ പുനരുദ്ധാരണം, ബസാർ, കണ്ണമാലി എന്നിവിടങ്ങളിൽ പുലിമുട്ട് ശൃംഖലകളുടെ നിർമാണം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 256 കോടി രൂപ ചെലവിൽ 7.35 കിലോമീറ്റർ കടൽഭിത്തിയുടെ പുനരുദ്ധാരണത്തിനാണ് ലക്ഷ്യമിടുന്നത്. കടൽക്ഷോഭം രൂക്ഷമായ കമ്പനിപ്പടി, ബസാർ, ചാലക്കടവ് പ്രദേശങ്ങളിൽ ആദ്യഘട്ട നിർമ്മാണം ആരംഭിച്ചു. 20 ശതമാനം ജോലികൾ പൂർ ത്തിയായി.

By newsten