കൊൽക്കത്ത: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പശ്ചിമബംഗാളിൽ അറസ്റ്റിൽ. പ്രവാചകനെ അവഹേളിച്ചതിന് ബിജെപി നേതാവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗറയിൽ പ്രതിഷേധം തുടരുകയാണ്. മജുംദാറിനെ ഇവിടേക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റ് ചെയ്തത്. ബംഗാളിന്റെ പല ഭാഗങ്ങളിലും ബി.ജെ.പിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഹൗറയിലാണ് ഏറ്റവും ശക്തമായ പ്രതിഷേധം. പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബി.ജെ.പി ചെയ്ത പാപത്തിന്റെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും സമരക്കാര്‍ ഡല്‍ഹിയില്‍ സമരം നടത്തട്ടെയെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. അതിനിടെയാണ്, ബി.ജെ.പി അധ്യക്ഷന്‍ മജുംദാറിനെ സംഘർഷ മേഖലയിലേക്ക് പോകുന്ന വഴി അറസ്റ്റ് ചെയ്തത്.
ഹൗറയിലെ പഞ്ച്ലയിൽ പ്രതിഷേധം ശക്തമാണ്. മജുംദാറിന് ഇവിടം സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മജുംദാറിനെ പോലീസ് തടഞ്ഞു. എന്തു വിലകൊടുത്തും സംഘർഷ മേഖല സന്ദർശിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ സമയം ഇയാളുടെ വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു. ബാരിക്കേഡ് ചാടി പഞ്ച്ലയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ മജുംദാറിനെ വീട്ടില്‍ തന്നെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ക്രമസമാധാന നില വഷളാകാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ഹൗറയിലെ പ്രതിഷേധം അക്രമാസക്തമായിരുന്നു. കടകളും ബി.ജെ.പി ഓഫീസുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പോലീസിനു നേരെയും കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അടുത്ത ബുധനാഴ്ച വരെ ബംഗാളിന്റെ പല ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന് കാരണം പോലീസ് നിഷ്ക്രിയത്വമാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ കുറ്റപ്പെടുത്തി. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് മമത ബാനർജി ആരോപിച്ചു.