ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് വകകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കേസിൽ പ്രതികളായവരുടെ കടകളും മറ്റുമാണ് നശിപ്പിച്ചത്. കാണ്‍പൂരില്‍ ഇന്നലെയാണ് പ്രതിഷേധം നടന്നത്. പരേഡ് മാർക്കറ്റിലെ ഒരു വിഭാഗം ആളുകൾ കടകൾ അടപ്പിക്കുകയും മറ്റുള്ളവ അടച്ചുപൂട്ടാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നീട് സംഘർഷവും കല്ലേറും ഉണ്ടായി. പോലീസ് ഇടപെട്ട് ഇവരെ ഓടിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രദേശത്തെ പ്രമുഖ മുസ്ലീം നേതാവായ സഫർ ഹയാത്ത് ഹശ്മിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ആരോപണം. ഹാഷ്മിയുടെ കടകൾ പൊളിച്ചുനീക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരും പോലീസും ബുൾഡോസറുകളുമായി എത്തിയാണ് കടകൾ പൊളിച്ചുനീക്കിയത്.കാണ്‍പൂരിലെ ബിത്തൂരിൽ റിയാസ് അഹമ്മദിന്റെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പും തകർന്നവയിൽ ഉൾപ്പെടുന്നു. കാണ്‍പൂര്‍ വികസന അതോറിറ്റി ഉദ്യോഗസ്ഥരാണ് പെട്രോൾ പമ്പ് പൊളിച്ചുനീക്കിയത്. ഡിസിപി സഞ്ജീവ് ത്യാഗിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്. സംഘർഷത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ബിജെപി എംഎൽസി മുഹ്സിൻ റാസ ആരോപിച്ചിരുന്നു.
അതേസമയം, പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് പോലീസ് രംഗത്തെത്തി. ആറ് ജില്ലകളിൽ നിന്നായി 227 പേരെ അറസ്റ്റ് ചെയ്തു. അലഹബാദിൽ നിന്ന് 68 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹത്രാസിൽ 50 പേരും സഹാറൻപൂരിൽ 48 പേരും അംബേദ്കർ നഗറിൽ 28 പേരും മുറാദാബാദിൽ 25 പേരും ഫിറോസാബാദിൽ എട്ടുപേരുമാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സംഘർഷത്തിന്റെയും പ്രതിഷേധത്തിന്റെയും വീഡിയോ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് മുൻകൂട്ടി കണ്ട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ പള്ളികൾക്കും മറ്റ് ആരാധനാലയങ്ങൾക്കും മുന്നിൽ വിൻയസിച്ചിരുന്നു.