ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഈ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇഡിയുടെ ആദ്യ സമൻസ്. എന്നാൽ കോവിഡ്-19 സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ജൂൺ 2ന് സോണിയ ഇഡിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി സമയപരിധി നീട്ടിയത്. ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ജൂൺ 13ന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനായി പാർട്ടി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് പോകാനാണ് രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാർട്ടി നേതാക്കളും ഉണ്ടാകും. ഇഡി നടപടി ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോസിയേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) കടബാധ്യതകളും ഓഹരികളും യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ ഏതെങ്കിലും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. 2012ൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോഡ എന്നിവർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി പരാതി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.