തിരുവനന്തപുരം : ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഗൗരവകരമായ ആരോപണങ്ങളുണ്ടെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇയാൾ പറഞ്ഞത് അപകീർത്തികരമാണെങ്കിൽ ഉടൻ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഡാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതിയായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണങ്ങൾക്ക് സി.പി.എമ്മും മുഖ്യമന്ത്രിയും ഉചിതമായ മറുപടി നൽകണം. ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര ഏജൻസികൾ നിശബ്ദരാണ്. ബി.ജെ.പിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഇടനിലക്കാരനായ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യണം. കേന്ദ്ര ഏജൻസികളെ വിശ്വാസമില്ലെന്നും സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ്പിലെ വസ്തുതകൾ ഹൈക്കോടതി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിവാദത്തിൽ ക്ലീഷേ വാചകങ്ങൾ ഉച്ചരിക്കാതെ സി.പി.എമ്മും മുഖ്യമന്ത്രിയും ശരിയായി പ്രതികരിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകനെ പോലീസ് വിട്ടയച്ച ഇടനിലക്കാരനാണോ എന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയാണോ പോലീസ് കേസ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.