Spread the love

കൊച്ചി: പോക്സോ നിയമത്തിലെ വകുപ്പുകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി ജയകേരളം ഹയർസെക്കന്ററി സ്കൂളിൽ ഹരിത കാമ്പസ് ഇൻസ്റ്റിറ്റ്യൂഷണൽ കൃഷി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈംഗിക പീഡന കേസുകളിലെ ശിക്ഷ ശക്തിപ്പെടുത്തുന്നതിനായി ഐപിസി 376-ാം വകുപ്പിൽ കൊണ്ടുവന്ന ഭേദഗതിയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശങ്ങൾ വളരെ പോസിറ്റീവായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈക്കര ഗവ.അപ്പർ പ്രൈമറി സ്കൂളിൻറെ പുതിയ സ്കൂൾ കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം വളയൻചിറങ്ങര ഗവ.എൽ.പി.സ്കൂളിൽ ‘വായനകൂട്ടത്തെ തേടി വായനശാല സ്‌കൂളുകളിലേക്ക്’ എന്ന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

By newsten