തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം. വിവാദത്തിൽ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പങ്ക് തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇപ്പോഴത്തെ ആരോപണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് സിപിഐഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാട്. അതുകൊണ്ട് തന്നെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പങ്ക് സി.പി.ഐ(എം) തള്ളിക്കളയുന്നില്ല. ഇത് തുറന്നുകാട്ടി രാഷ്ട്രീയ ചെറുത്തുനിൽപ്പ് നടത്താനാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പ്രമുഖ നേതാക്കൾ തന്നെ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സൂചന. സ്വർണക്കടത്ത് വിവാദത്തിൽ കഴിഞ്ഞ തവണ ഉണ്ടായതിനേക്കാൾ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് സിപിഐ(എം) നിലപാട്.