ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹിയിലും യുപിയിലെ സഹാറൻപൂരിലും വൻ പ്രതിഷേധം. വിവാദവുമായി ബന്ധപ്പെട്ട് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജുമാമസ്ജിദിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
അതേസമയം, പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് പള്ളി ഇമാം പറഞ്ഞു. ‘ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. അവർ എ.ഐ.എം.ഐ.എമ്മിന്റെയും അസദുദ്ദീൻ ഒവൈസിയുടെയും ജനങ്ങളാണെന്ന് ഞാൻ കരുതുന്നു. അവർക്ക് പ്രതിഷേധിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് ആകാം, ഞങ്ങൾ അവരെ പിന്തുണയ്ക്കില്ല,” ഇമാം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഡൽഹി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരാണ് പ്രതിഷേധക്കാരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നൂപുർ ശർമയെ നേരത്തെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ, എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി, മാധ്യമപ്രവർത്തകൻ സബ നഖ്വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് എന്നിവരുൾപ്പെടെ 32 പേർക്കെതിരെയാണ് ഡൽഹി പോലീസ് കേസെടുത്തത്. രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു കേസിൽ നൂപുർ ശർമയെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. മറ്റ് 31 പേരുടെ പേരുകൾ രണ്ടാമത്തെ എഫ്ഐആറിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.