ലക്നൗ: മുതിർന്ന മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. കാണ്‍പൂര്‍ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇ ടി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ പ്രതിഷേധിച്ചിട്ടും യു.പി പൊലീസ് വഴങ്ങിയില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണെന്നും ഇ ടി മുഹമ്മദ് ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ യു.പി പൊലീസ് വേട്ടയാടിയ ആളുകളെയും മറ്റ് ബന്ധപ്പെട്ടവരെയും കാണാനാണ് താൻ കാൺപൂരിൽ എത്തിയതെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. എന്നാൽ അർദ്ധരാത്രിയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് യുപി പോലീസ് തടഞ്ഞു. യു.പി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.