കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരായ കുറ്റങ്ങൾ ജാമ്യാർഹമാണെന്ന് സർക്കാർ അറിയിച്ചതോടെ, ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
തങ്ങളെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അറസ്റ്റിനെ ഭയക്കുന്നുവെന്നും പറഞ്ഞു സ്വപ്ന സുരേഷും പി.എസ് സരിത്തും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇവരുടെ ഹർജിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് സർക്കാർ വാദം. മാത്രമല്ല, സരിത്ത് നിലവിൽ കേസിൽ പ്രതിയല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, ഇപ്പോൾ അങ്ങനെയാണെങ്കിലും ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് സ്വപ്ന ഭയക്കുന്നുവെന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ നാളെ എന്ത് സംഭവിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ജാമ്യഹർജിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളെ അപഹാസ്യരാക്കുക, പരസ്യമായി അധിക്ഷേപിക്കുക എന്നതാണ് ഏക ലക്ഷ്യം. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വ്യക്തികളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.