ചെന്നൈ: തമിഴ്നാട്ടിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് എന്നറിയപ്പെടുന്ന കണ്ണകി-മുരുകേശൻ വധക്കേസിൽ ഇരയുടെ സഹോദരന്റെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കണ്ണകിയുടെ സഹോദരൻ ഡി മരുതുപാണ്ഡ്യന്റെ വധശിക്ഷയാണ് ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് എ എ നക്കീരന്‍ എന്നിവരടങ്ങിയ ബെഞ്ച് ജീവപര്യന്തമാക്കി കുറച്ചത്.
കണ്ണകിയുടെ അച്ഛൻ ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു. പ്രതികളിൽ രണ്ടുപേരെ വെറുതെ വിട്ടു. ഒരാളുടെ ജീവപര്യന്തം തടവ് രണ്ട് വർഷമായി കുറച്ചിട്ടുണ്ട്. ദലിത് സമുദായാംഗമായ മുരുകേശനെയും വണ്ണിയാർ സമുദായത്തിൽപ്പെട്ട കണ്ണകിയെയും 2003 ൽ കണ്ണകിയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു.
ഇരുവരെയും ബലം പ്രയോഗിച്ച് വിഷം കൊടുത്ത് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മുരുകേശൻ ചിദംബരത്തെ അണ്ണാമലൈ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ബി കോം വിദ്യാർത്ഥിനിയായ കണ്ണകിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് കണ്ണകിയുടെ വീട്ടുകാർ അറിയാതെയാണ് ഇരുവരും വിവാഹിതരായത്. മുരുകേശനെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ച ശേഷമാണ് ഇരുവരെയും കൊല്ലപ്പെടുത്തിയത്.