കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. നടപടിയുടെ ഭാഗമായി നാളെ മുതൽ സ്പെഷ്യൽ ഡ്രൈവ് നടത്തും.
പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി ആന്റണി രാജു നിർദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ അനുസരിച്ച് മുൻ വശത്തെ സുരക്ഷാ ഗ്ലാസുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പാക്കണം. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുമുണ്ട്.
2012-ൽ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒരു തരത്തിലുള്ള ഫിലിമും ഒട്ടിക്കാൻ പാടില്ലെന്ന് നിയമം ഉണ്ടായിരുന്നു. ബ്ലാക്ക് ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാരോപിച്ച് അഭിഷേക് ഗോയങ്ക എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തിവെച്ചു.