പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ. വിഷയത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിഷേധിക്കുന്ന രാജ്യങ്ങളുമായി ചർച്ച നടത്തും. ഇന്ത്യയുടെ നിലപാടിൽ വ്യക്തത വരുത്തുന്നതിൽ വിദേശകാര്യ മന്ത്രി നേരിട്ട് ഇടപെടുന്നുണ്ട്. വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് രാജ്യം ഉത്തരവാദിയല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാലിദ്വീപ് പാർലമെൻറിൽ ഇന്ത്യക്കെതിരായ പ്രതിഷേധ പ്രമേയം പാസാക്കിയില്ല.
നൂപുർ ശർമയുടെ പരാമർശത്തെയും യു.എ.ഇ അപലപിച്ചു. നേതാക്കളുടെ ധാർമികവും മാനുഷികവുമായ മൂൽയങ്ങൾക്കെതിരായ പെരുമാറ്റം തള്ളിക്കളയുന്നതായി യു.എ.ഇ വ്യക്തമാക്കി. മതചിഹ്നങ്ങളെ ബഹുമാനിക്കണം, ആക്രമിക്കരുത്. വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഖത്തർ, കുവൈത്ത്, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളും വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിവാദ പരാമർശത്തെ തുടർന്ന് നൂപൂരിനെ ബിജെപി ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനാലാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്ന് നൂപുർ പറഞ്ഞു.