തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പനി കാരണം ശബ്ദ സാമ്പിൾ ഇന്ന് എടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്നും പിസി ജോർജ് പറഞ്ഞു.
രാവിലെ അഭിഭാഷകർക്കൊപ്പമാണ് പിസി ജോർജ് ചോദ്യം ചെയ്യലിന് എത്തിയത്. തനിക്ക് പനി ഉണ്ടായിരുന്നുവെന്നും എന്നാൽ ഹാജരായില്ലെങ്കിൽ അത് ചോദ്യം ചെയ്യലിൽ നിന്നുള്ള രക്ഷപ്പെടലായി വ്യാഖ്യാനിക്കപ്പെടുമെന്നുമായിരുന്നു പിസിയുടെ പ്രതികരണം. ഫോർട്ട് എസിയുടെ നേതൃത്വത്തിൽ രാവിലെ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. പനിയുള്ളതിനാൽ പി.സി ജോർജിന്റെ ശബ്ദ സാമ്പിൾ എടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആകാശവാണിയിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം പിസി ജോർജിന്റെ വിവാദ പ്രസംഗത്തിന് പിന്നിൽ ബാഹ്യമായ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതേക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ജോർജിന് ഫോർട്ട് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പങ്കാളിത്തവും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് വീണ്ടും നോട്ടീസ് അയച്ചു.