ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. എട്ട് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തിനിടയിൽ ലഡാക്കിൽ ചൈനക്കാർക്ക് മുന്നിൽ ഇന്ത്യ ഇഴഞ്ഞുനീങ്ങുകയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദി സർക്കാരിന്റെ എട്ട് വർഷത്തിനിടെ ലഡാക്ക് ചൈനക്കാർക്ക് മുന്നിൽ ഇഴഞ്ഞുനീങ്ങി. ക്വാഡിന് മുന്നിൽ മുട്ടുകുത്തി, അമേരിക്കക്കാരുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് ഭാരതമാതാവിന് ലജ്ജയോടെ തലകുനിക്കേണ്ടി വന്നു. വിദേശ നയത്തിൻറെ അപചയമായി ഖത്തറിന്റെ മുന്നിൽ പോലും സാഷ്ടാംഗം പ്രണമിച്ചു, സ്വാമി ട്വിറ്ററിൽ കുറിച്ചു.
ഖത്തറിലെ ഇന്ത്യൻ എംബസി നൂപുർ ശർമയെ വിഭജന ശക്തിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചിരുന്നു.