തിരുവനന്തപുരം: അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളും നടപടികളും കർശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്കും കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒമാർക്ക് നിർദ്ദേശം നൽകി. മഴക്കാലം കണക്കിലെടുത്ത് അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് പുതിയ നിർദ്ദേശം.
ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർക്ക് ഒരേ സമയം യാത്ര ചെയ്യുന്നത്, ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുക. അമിതവേഗം, ചുവന്ന സിഗ്നൽ തകർത്ത് വാഹനമോടിക്കൽ, ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി വാഹനം നിർത്താതിരിക്കൽ, മദ്യലഹരിയിൽ വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇനി ലൈസൻസ് നഷ്ട്ടമായേക്കും.
നിലവിൽ ഇത്തരം നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തുന്നത്. പിഴയടച്ച് ഇതേ ലംഘനം നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവമുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മഴക്കാലം ആരംഭിക്കുന്നതോടെ അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി കർശനമാക്കിയത്.