മോസ്കോ: കൂടുതൽ ദീർഘദൂര മിസൈലുകളുമായി യുക്രൈനെ സഹായിക്കാൻ ശ്രമിച്ചാൽ, ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈന് കൂടുതൽ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ, കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ഇതുവരെ ആക്രമണം നടത്താത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ പറഞ്ഞതായി റിപ്പോർട്ട്. എന്നാൽ റഷ്യ ലക്ഷ്യമിടുന്ന മേഖലകൾ എന്താണെന്ന് പുടിൻ വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ സേനയുടെ മുന്നേറ്റം തടയുന്നതിന് യുക്രെയ്ൻ ഏറെ നാളായി ആവശ്യപ്പെടുന്ന അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നൽകാൻ യുഎസ് തീരുമാനിച്ചതിന് പിന്നാലെയാണ് പുടിന്റെ പരാമർശം. 80 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ഹിമാർ മിസൈലുകളാണ് യുക്രൈന് നൽകുന്നത്.
എന്നാൽ, യുഎസ് വിതരണം ചെയ്ത സൈനിക ആയുധങ്ങളിൽ കാര്യമായ പുതുമയൊന്നുമില്ലെന്നും ഇവ റഷ്യൻ നിർമ്മിത ആയുധങ്ങളുമായി സാമ്യമുള്ളതാണെന്നും പുടിൻ പറഞ്ഞു. സൈനിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹിമർസ് മിസൈൽ സിസ്റ്റത്തിന്റെ പരിധി സാധാരണ മിസൈലുകളേക്കാൾ കൂടുതലാണ്. യുക്രൈനിലേക്ക് ഐറിസ്-ടി ആന്റി-എയർക്രാഫ്റ്റ് മിസൈലുകളും റഡാറുകളും നൽകാനും ജർമ്മനി തീരുമാനിച്ചിട്ടുണ്ട്.